ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരെ ഉണ്ടായ ആസൂത്രിത വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പോലീസ് അന്വേഷണം വളരെ മോശമാണെന്ന് കോടതി. ദല്‍ഹി പോലീസ് കമ്മീഷണര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ദല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വിനോദ് യാദവ് ആവശ്യപ്പെട്ടു. കലാപത്തിനിടെ പോലീസിനെ ആക്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ അഷ്‌റഫ് അലി എന്നയാള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
കലാപവുമായി ബന്ധപ്പെട്ട വളരെയേറെ കേസുകളില്‍ അന്വേഷണ നിലവാരം വളരെ മോശമാണ് എന്നത് വേദനിപ്പിക്കുന്നതാണ്. ഭൂരിപക്ഷം കേസുകളിലും അന്വേഷണ ഓഫീസര്‍മാര്‍ കോടതിയില്‍ ഹാജരാകുന്നുമില്ല- ജഡ്ജി പറഞ്ഞു. പാതി വെന്ത, അപൂര്‍ണമായ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച ശേഷം കേസ് അന്വേഷണം യുക്തിസഹമായ അവസാനത്തിലെത്തിക്കുന്ന കാര്യത്തില്‍ പോലീസ് അശ്രദ്ധരാണ്. ഇതുകാരണം ഒന്നിലേറെ കേസുകളില്‍ കുറ്റാരോപിതരായ നിരവധി പേര്‍ ജയിലുകളില്‍ തന്നെ കഴിയേണ്ടി വരുന്നു- ജഡ്ജി ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണ ചുമതലയുള്ള ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍മാര്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അന്വേഷണ വിശദാംശങ്ങള്‍ വേണ്ടരീതിയില്‍ വിശദീകരിച്ചു കൊടുക്കുന്നില്ല. കേസ് കോടതി പരിഗണിക്കുന്ന ദിവസം രാവിലെ കുറ്റപത്രത്തിന്റെ പിഡിഎഫ് ഇമെയില്‍ ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജഡ്ജി പറഞ്ഞു.
അഷ്‌റഫ് അലിയുടെ കേസ് ഇതിന് നല്ലൊരു ഉദാഹരമാണെന്നും കോടതി പറഞ്ഞു. പോലീസിനു നേരെ ആസിഡും ഗ്ലാസ് ബോട്ടിലുകളും, ഇഷ്ടികയും എറിഞ്ഞെന്നാണ് കേസ്. പോലീസുകാര്‍ ഇരകളാക്കപ്പെട്ട കേസായിട്ടു ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍ ആസിഡ് സാമ്പിള്‍ ശേഖരിക്കാനോ കെമിക്കല്‍ അനാലിസിസ് നടത്താനോ ശ്രദ്ധകാണിച്ചില്ല. മാത്രമല്ല, പരിക്കിന്റെ സ്വാഭാവത്തെ കുറിച്ച് പറയാനോ ശ്രദ്ധിച്ചില്ല- കോടതി ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ ഇടപെടണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിദഗ്ധരുടെ സഹായം വേണമെങ്കില്‍ തേടാമെന്നും ഇല്ലെങ്കില്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അനീതി നേരിടേണ്ടി വരുമെന്നും ജഡ്ജി പറഞ്ഞു.