Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ പദവി കാര്യമാക്കുന്നില്ല, കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സത്യപാല്‍ മലിക്

ന്യൂദല്‍ഹി- കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന കര്‍ഷകരെ പിന്തുണച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മലിക് വീണ്ടും. കഴിഞ്ഞ ദിവസം കര്‍ണാലില്‍ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജില്‍ ഹരിയാന മുഖ്യമന്ത്രി എം.എല്‍. ഖട്ടാര്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലാത്തിച്ചാര്‍ജില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കര്‍ഷകരുടെ തല തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും സത്യപാല്‍ മലിക് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹക്കെതിരെ ഉടന്‍ നടപടി വേണം. സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തണക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷക പ്രക്ഷോഭത്തിനിടെ ഇതുവരെ മരിച്ച 600 കര്‍ഷകരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കാത്തതില്‍ താന്‍ നിരാശനാണ്. സര്‍ക്കാരില്‍നിന്ന് ഇതുവരെ ആരും അവരുടെ കുടുംബങ്ങളോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയത്തില്‍നിന്നാണ് സംസാരിക്കുന്നത്. ഗവര്‍ണര്‍ പദവി കാര്യമാക്കുന്നില്ലെന്നും തന്റെ വിമര്‍ശനത്തോടുള്ള പ്രതികരണത്തെ ഭയക്കുന്നില്ലെന്നും നേരത്തെ ജമ്മു കശ്മീര്‍, ഗോവ, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മലിക് പറഞ്ഞു.

 

Latest News