കോഴിക്കോട്- ഉച്ച നേരത്ത് നഗരത്തില്‍ ആരും പട്ടിണി കിടക്കാതിരിക്കാനുള്ള 'കരുതല്‍' കോഴിക്കോട്ടും. വനിതാ സന്നദ്ധ സംഘടനയായ ഐ.എന്‍.എ (അയാം നോട്ട് അലോണ്‍ അസോസിയേഷന്‍) നടപ്പാക്കുന്ന വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന 'കരുതല്‍' പദ്ധതിക്കാണു ശനിയാഴ്ച തുടക്കമായത്. നഗരത്തിലും പരിസരത്തുമായി പത്തിടങ്ങളില്‍ ലഞ്ച് ബോക്സ് സ്ഥാപിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ആദ്യഘട്ട പദ്ധതിയുടെ ഉദ്ഘാടനം മൊഫ്യൂസില്‍ സ്റ്റാന്റ് പരിസരത്ത് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, വ്യാപാരി സംഘടനാ പ്രതിനിധികളായ സൂര്യ അബ്ദുല്‍ഗഫൂര്‍, എന്‍ സുഗുണന്‍, കെ പി അബ്ദുല്‍ റസാഖ് സംസാരിച്ചു. കരുതല്‍ ജില്ലാ കോ ഓഡിനേറ്റര്‍ അയിഷ ഫസ്ന സ്വാഗതവും ഐ എന്‍ എ സംസ്ഥാന സെക്രട്ടറി ലൗന എഡിസണ്‍ നന്ദിയും പറഞ്ഞു.
മാനാഞ്ചിറ, റെയില്‍വേ സ്റ്റേഷന്‍, മുതലക്കുളം, ബസ്റ്റാന്റ്, പാളയം, രണ്ടാം ഗേറ്റ്, മാങ്കാവ്, പുഷ്പ ജംഗ്ഷന്‍, കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭക്ഷണപ്പെട്ടികള്‍ സ്ഥാപിക്കുക. ദിവസവും ഉച്ചക്ക് ഓരോ പെട്ടിയിലും 30 പൊതിച്ചോറുകള്‍ കൊണ്ടുവെക്കും. ആവശ്യക്കാര്‍ക്ക് ഇതെടുക്കാം.
എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലും കോയമ്പത്തൂരിലും തെലങ്കാനയിലും പദ്ധതി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു.
നിതി ആയോഗിന്റെ അംഗീകാരമുള്ള വനിതാ കൂട്ടായ്മയാണ് ഐ.എന്‍.എ അസോസിയേഷന്‍. 50ഓളം വിദ്യാര്‍ഥിനികളും കുടുംബിനികളും ചേര്‍ന്നാണ് തൃശൂരില്‍ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ടുഗതര്‍ വി കാന്‍ അസോസിയേഷനുമായി ചേര്‍ന്ന് വിശപ്പ് രഹിത രാജ്യം എന്ന ലക്ഷ്യവുമായി കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കും. ഒരു പൊതിച്ചോറിന് 30രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭക്ഷണം സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സംഘടനയുമായ ബന്ധപ്പെടാം. ഫോണ്‍: 8714505887.