വാഷിങ്ടന്‍- അഫ്ഗാനില്‍ നിന്നും യുഎസിന്റെ പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുമ്പ് കാബൂളില്‍ വീണ്ടും ബോംബാക്രമണം നടക്കാനുള്ള സാധ്യത ഏറെയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ആക്രമണം ഉണ്ടായേക്കാമെന്ന് കമാന്‍ഡര്‍മാരില്‍ നിന്ന് വിവരം ലഭിച്ചതായി ബൈഡന്‍ പറഞ്ഞു. കാബൂളിലെ സാഹചര്യങ്ങള്‍ തീര്‍ത്തും അപകടരമായി തന്നെ തുടരുകയാണ്. വിമാനത്താവളത്തിനു നേര്‍ക്ക് വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണിയും ഉണ്ട്, അദ്ദേഹം പറഞ്ഞു. കാബൂളിലെ യുഎസ് എംബസിയും ആക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 31നകം പിന്‍മാറ്റം പൂര്‍ത്തിയാക്കണമെന്നാണ് താലിബാന്റെ അന്ത്യശാസനം. ഇതിനകം യുഎസിന്റെ നേതൃത്വത്തില്‍ നടന്ന ഒഴിപ്പിക്കലില്‍ ഒരു ലക്ഷത്തിലേറെ പേരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ചു. ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകുമോ എന്നതില്‍ സംശയമുണ്ട്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ കഴിയാതെ വന്നേക്കാമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുമ്പോഴും ചൊവ്വാഴ്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളം വഴിയാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. തിരക്കേറിയ വിമാനത്താവളത്തില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസ് തിരിച്ചടിച്ചു. സ്‌ഫോടനം നടത്തിയ ഐഎസ് ഭീകരരെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യുഎസ് അവകാശപ്പെട്ടിരുന്നു.