ന്യൂദൽഹി -ഇരട്ടപ്പദവി വഹിച്ചെന്നാരോപിച്ച് ദൽഹിയിലെ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ വീഴ്ചയുണ്ടെന്ന വാദങ്ങൾ പരിശോധിക്കുന്നതിനു മുമ്പായി തെരഞ്ഞെടുപ്പു കമ്മീഷൻ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തരുതെന്ന് ദൽഹി ഹൈക്കോടതി ഉത്തരവിട്ടു. എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരെ ആം ആദ്മി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതു വരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റേയും കേന്ദ്ര സർക്കാരിന്റേയും പ്രതികരണവും കോടതി തേടിയിട്ടുണ്ട്. ഇരട്ടപ്പദവി വഹിച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പാർലമെന്ററി സെക്രട്ടറി എന്ന പദവി കൂടി വഹിച്ച എംഎൽഎമാരെ അയോഗ്യരാക്കാനുള്ള കമ്മീഷന്റെ ശുപാർശ ജനുവരി 20നാണ് രാഷ്ട്രപതി അംഗീകരിച്ചത്. തുടർന്ന് ഇവരെ അയോഗ്യരാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം ഞായറാഴ്ച ഇറക്കുകയും ചെയ്തു.
ഈ തീരുമാനത്തിനെതിരെ പൊതുജനങ്ങൾ രംഗത്തു വരണമെന്ന് ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഈ എംഎൽഎമാർക്ക് സർക്കാർ ശമ്പളമോ വാഹനമോ വീടുകളോ നൽകിയിട്ടില്ലെന്നും പണം പറ്റുന്ന ഇരട്ടപ്പദവി വഹിച്ചെന്ന് ആരോപണം കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വിറളിപൂണ്ട ബിജെപിയും കേന്ദ്ര സർക്കാരും നടത്തിയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.