റാഞ്ചി - കാലിത്തീറ്റ കുംഭകോണ കേസിൽ തടവു ശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഈ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത് കേസിലും കോടതി ശിക്ഷിച്ചു. വ്യാജ രേഖകളുപയോഗിച്ച് ട്രഷറിയിൽ നിന്നും പണം പിൻവലിച്ച കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലുവിനേയും മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയേയും അഞ്ചു വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. അഞ്ചു ലക്ഷം രൂപ വീതം പിഴയും നൽകണം. കേസിലുൾപ്പെട്ട 50 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ആറു പേരെ വെറുതെ വിടുകയും ചെയ്തു.
ഛയ്ബസയിലെ സർക്കാർ ട്രഷറിയിൽ നിന്ന് 1992-93 കലയളവിൽ 33.67 കോടി രൂപ വെട്ടിച്ച കേസാണ് കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാമത്തെ കേസ്. ഈ കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്നു ലാലു. ആർ കെ റാണ, വിദ്യാസാഗർ നിഷാദ്, ധ്രുവ് ഭഗത്, മുൻ ചീഫ് സെക്രട്ടറി സജൽ ചക്രബർത്തി, ഐ എ എസ് ഉദ്യോഗസ്ഥരായ ഫൂൽ ചന്ദ് സിങ്, മഹേഷ് പ്രസാദ് എന്നിവരാണ് മറ്റു പ്രതികൾ.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ വന്ന എല്ലാ കോടതി വിധികൾക്കെതിരേയും ഹൈക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്റെ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. 69കാരനായ ലാലു ഇപ്പോൾ റാഞ്ചിയിലെ ബിർസ മുണ്ഡ ജയിലിൽ തടവിലാണ്. ഈ മൂന്ന് കേസുകളെ കൂടാതെ മറ്റു രണ്ടു ട്രഷറികളിൽ നിന്ന് പണം വെട്ടിച്ച കേസിൽ കൂടി ഉൾപ്പെട്ടിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കം ഈ കേസുകളിലും വിധി വരാനിരിക്കുകയാണ്.