ന്യൂയോര്‍ക്ക്- കാബൂളില്‍ രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ ഭീകരാക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതിനിടെയാണ് ധീരരായ അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. രാജ്യത്തിന് വേണ്ടിയാണ് അവര്‍ ജീവത്യാഗം ചെയ്തത്. അമേരിക്കയുടെ ധീരന്മാരായണ് അവര്‍ മരിച്ചത്. അവരുടെ സ്മരണയെ രാഷ്ട്രം എന്നും ബഹുമാനിക്കും- ട്രംപ് പറഞ്ഞു. ഈ ദുരന്തം സംഭവിക്കാന്‍ അനുവദിക്കരുതായിരുന്നു എന്നത് നമ്മുടെ ദുഃഖത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. മനസ്സിലാക്കാന്‍ പ്രയാസമുള്ളതാക്കി തീര്‍ക്കുന്നു. താലിബാന്‍ ശത്രുക്കളാണ്. താലിബാന്‍ നേതാക്കളുമായി ഞാന്‍ ഇടപഴകിയിട്ടുണ്ട്. നമ്മളുമായി വര്‍ഷങ്ങളായി പോരാടുന്നവരാണ് അവര്‍. ഇപ്പോള്‍ നമ്മളെ സംരക്ഷിക്കാന്‍ അവരെയാണോ ഉപയോഗിക്കുന്നത്? യുഎസ് സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതൊരു തുടക്കം മാത്രമാണെന്നും ട്രംപ് പറഞ്ഞു.