അങ്കാറ- കാബൂളില്‍ താലിബാനുമായി തുര്‍ക്കി ആദ്യ ഘട്ട ചര്‍ച്ച നടത്തിയെന്നും കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കണമെന്ന താലിബാന്റെ ആവശ്യം വിലയിരുത്തുകയാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദൊഗാന്‍ പറഞ്ഞു. താലിബാനുമായുള്ള ചര്‍ച്ച മൂന്ന മണിക്കൂര്‍ നീണ്ടു. ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇവിടെയാണ് തുര്‍ക്കിയുടെ എംബസി ഇപ്പോള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്.
നാറ്റോ സേനയുടെ ഭാഗമായ തുര്‍ക്കിയുടെ നൂറുകണക്കിന് സൈനികര്‍ ഇപ്പോള്‍ അഫ്ഗാനിലുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി വിമാനത്താവള സുരക്ഷാ ചുമത വഹിച്ചിരുന്നതും തുര്‍ക്കി സേനയായിരുന്നു. ഇത് തുടരാനുള്ള ശ്രമത്തിലായിരുന്നു തുര്‍ക്കി. എന്നാല്‍ ബുധനാഴ്ച മുതല്‍ തുര്‍ക്കി തങ്ങളുടെ സൈനികരെ അഫ്ഗാനില്‍ നിന്ന് പിന്‍വലിച്ചു തുടങ്ങിയിരുന്നു.