മൈസുരു- 23കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് മൈസൂര്‍ യുനിവേഴ്‌സിറ്റി പെണ്‍കുട്ടികള്‍ക്ക് രാത്രി യാത്രാ വിലക്കേര്‍പ്പെടുത്തി. വൈകീട്ട് 6.30ന് ശേഷം മാനസഗംഗോത്രിയ, കുക്കറഹള്ളി കാമ്പസുകള്‍ വിട്ടു പുറത്തു പോകരുതെന്നാണ് അറിയിപ്പ്. 6.30നു ശേഷം കാമ്പസിനകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കി. വിലക്ക് വിവാദമായതോടെ പോലീസിന്റെ വാക്കാലുള്ള നിര്‍ദേശ പ്രകാരമാണ് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് യുനിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. വൈകീട്ട് ആറു മണി മുതല്‍ രാത്രി ഒമ്പത് മണിവരെ കാമ്പസുകളില്‍ അധിക സുരക്ഷാ ജീവനക്കാരുടെ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവത്തെ കുറിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ അനുചിതമായ പ്രതികരണം ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പാണ് യുനിവേഴ്‌സിറ്റി വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്. പീഡനത്തിനിരായയ പെണ്‍കുട്ടിയും സുഹൃത്തും ആ സമയത്ത് ആളൊഴഞ്ഞ സ്ഥലത്തേക്ക് പോകാന്‍ പാടില്ലായിരുന്നു എന്നാണ് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചതിനോട് വളരെ അനുചിതമായ ഭാഷയിലാണ് മന്ത്രി പിന്നീട് പ്രതികരിച്ചത്. വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതോടെ മുഖ്യമന്ത്രിയും മന്ത്രിയെ തള്ളിപ്പറഞ്ഞു.