ബെംഗളൂരു- മൈസൂരു കൂട്ടപീ!ഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദള്‍ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവര്‍ ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ അനുവദിച്ചു കൂടാ. ഹൈദരാബാദ് പോലീസിന്റെ നടപടി കര്‍ണാടകയും മാതൃകയാക്കണം. മുന്‍ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രതികളെ പോലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനല്‍ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു.
മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താന്‍ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം. പീഡനത്തിന് ഇരയായ യുവതിയും സഹപാഠിയുമാണ് സംഭവത്തിനു കാരണക്കാര്‍ എന്ന വിധം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയ പ്രസ്താവനയോടു തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അധികാരമുണ്ടെന്ന് അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു.
മൈസൂരുവിലാണു പീഡനം നടന്നതെങ്കിലും കോണ്‍ഗ്രസുകാര്‍ ബെംഗളൂരുവില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന പ്രസ്താവനയും ആഭ്യന്തര മന്ത്രി പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നതു പോലെ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും യഥാര്‍ഥ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എസ്.ടി സോമശേഖര പ്രതികരിച്ചു.