ബെംഗളുരു- മൈസുരുവിലെ ചാമുണ്ഡി ഹില്‍സിനു സമീപം 23കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്‌തെന്ന് സൂചന. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്നും സൂചനയുണ്ട്. അറസ്റ്റ് സംബന്ധിച്ച് ശനിയാഴ്ച പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.
മൈസുരുവില്‍ പഠിക്കുന്ന ഉത്തരേന്ത്യക്കാരിയാണ് പീഡനത്തിനിരയായത്. ആണ്‍ സുഹൃത്തിനൊപ്പം മൈസുരുവിലെ തിപ്പയ്യനകെരെ വനമേഖലയില്‍ നിന്ന് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കുടെയുണ്ടായിരുന്നു യുവാവിനെ മര്‍ദ്ദിച്ച ശേഷം സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം മുങ്ങിയ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചലിലായിരുന്നു പോലീസ്. സംഭവം സമയം പ്രദേശത്ത് റേഞ്ചില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതികളും മൈസുരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൊട്ടടുത്ത ദിവസം ഇവര്‍ കോളെജില്‍ നടന്ന പരീക്ഷയ്ക്കും ഹാജരായിരുന്നില്ല. ഫോണു സ്വിച്ച് ഓഫ് ആയിരുന്നു.