വാഷിങ്ടന്‍- കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ ഭീകരരെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചെന്ന് യുഎസ് സൈന്യം. അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഭീകരരുടെ ഒളിത്താവളത്തിനു നേര്‍ക്കാണ് ആളില്ലാ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഉന്നമിട്ടവര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു. ആക്രമണത്തില്‍ സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനു പുറത്തു നിന്നാണ് യുഎസ് ആക്രമണം നടത്തിയത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആളുകളെ വിമാന മാര്‍ഗം ഒഴിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് ഈ ആക്രമണം.
കാബൂള്‍ വിമാനത്താവള ഗേറ്റിനു സമീപത്തുണ്ടായ സ്‌ഫോടനങ്ങളില്‍ 78 പേരാണ് കൊല്ലപ്പെട്ടത്. 13 യുഎസ് സൈനികരും ഉള്‍പ്പെടും. മരണ സംഖ്യ 200നടുത്തെത്തിയതായും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിനു പിന്നാലെ തോക്കെന്തിയ ആളുകള്‍ തുരുതുരെ വെടിവച്ചിരുന്നതായും യുഎസ് അധികൃതര്‍ പറയുന്നു. ഈ ആക്രമണത്തിന് പകരം ചോദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.