വാഷിങ്ടണ്‍- ഐ.എസ് ഭീകരനായ ഇന്ത്യന്‍ വംശജന്‍ സിദ്ധാര്‍ത്ഥ് ധറിനെ യുഎസ് ആഗോള ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്തി. ബ്രിട്ടീഷുകാരനായ സിദ്ധാര്‍ത്ഥ് ഹിന്ദു മതം ഉപേക്ഷിച്ച് ഭീകരവാദിയായി മാറുകയും അബു റുമയ്സ എന്ന പേര് സ്വീകരിച്ച് ബ്രിട്ടീഷ് പോലീസിന്റെ വിലക്ക് ലംഘിച്ച് 2014-ല്‍ കുടുംബ സമേതം സിറിയയിലേക്ക് കടക്കുകയും ചെയ്തയാളാണ്. ബ്രിട്ടീഷ് ഭീകരസംഘടനയായ അല്‍ മുഹാജിറൂന്‍ നയിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു ഇയാള്‍. ഈ സംഘടന ഇപ്പോള്‍ ഇല്ല. ഐ.എസില്‍ ചേര്‍ന്ന ശേഷം ഈ ഭീകര സംഘത്തിന്റെ മുതിര്‍ന്ന കമാന്‍ഡറായി മാറിയതായും സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിഹാദി ജോണ്‍ എന്നറിയപ്പെട്ട ബ്രിട്ടീഷ് ഐഎസ് ഭീകരന്‍ മുഹമ്മദ് എംവാസി കൊല്ലപ്പെട്ടതിനു ശേഷം ഐ എസ് തടവിലുള്ളവരുടെ തലയറുത്തിരുന്നത് സിദ്ധാര്‍ത്ഥ് ആണെന്നും പറയപ്പെടുന്നു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ചായിരുന്നു തടവിലുള്ളവരെ ഐഎസ് ഭീകരര്‍ തലറുത്ത് വീഡിയോ പുറത്തു വിട്ടിരുന്നത്.
തന്നെ തട്ടിക്കൊണ്ടു പോയി തടവിലിട്ടത് സിദ്ധാര്‍ത്ഥായിരുന്നുവെന്ന് ഐഎസ് പിടികൂടി അടിമയാക്കിയ യസീദി കൗമാരക്കാരി നിഹാദ് ബറകത്ത് 2016 മേയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിദ്ധാര്‍ത്ഥിനെ കുടാതെ ബെല്‍ജിയന്‍-മൊറോക്കന്‍ പൗരനായ അബ്ദലത്തീഫ് ഗൈനിയേയും യുഎസ് വിദേശകാര്യ വകുപ്പ് ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.