ഹൈദരാബാദ്-അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ പാര്‍ക്ക്. പ്രഭാത സവാരിക്കാരുടെ ഇഷ്ടസ്ഥലമായ ഹൈദരാബാദിലെ ഇന്ദിര പാര്‍ക്കാണ് വിവാദത്തിലായത്. അവിവാഹിതരായ ഇണകള്‍ക്ക് പാര്‍ക്കിലേക്ക് കടക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായാണ് മാനേജ്‌മെന്റ് സമിതി സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നത്. പൊതുസ്ഥലത്ത് പരസ്യമായി മാന്യമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുവെന്ന് കാട്ടി നിരവധി കുടുംബങ്ങള്‍ പരാതി നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് മാനേജ്‌മെന്റ് സമിതി പറയുന്നത്. വിവാദ ബോര്‍ഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. നടപടി ഭരണഘടനാ വിരുദ്ധവും അനാവശ്യവുമെന്നാണ് വിമര്‍ശനം. പുതിയരീതിയിലുള്ള സദാചാര പോലീസിങ്ങാണിതെന്ന് ആരോപിച്ച് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെതിരെ ഒട്ടേറെപേര്‍ രംഗത്ത് വന്നു. നാനാഭാഗത്ത് നിന്നും വിമര്‍ശനം ശക്തമായതോടെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ബോര്‍ഡ് മാറ്റാന്‍ നിര്‍ബന്ധിതരായി. സംഭവത്തില്‍ അധികൃതര്‍ ഖേദപ്രകടനവും നടത്തി.
പാര്‍ക്കില്‍ ജാഗ്രത പാലിക്കാനും 'ശാന്തമായ അന്തരീക്ഷം' നിലനിര്‍ത്താനും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.