വാഷിംഗ്ടണ്‍- കാബൂളിലെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടുമെന്ന് ആമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സൈനികരുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
ഈ ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ദോഷം ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇത് അറിയുക; ഞങ്ങള്‍ പൊറുക്കില്ല, നാം മറക്കില്ല, നിങ്ങളെ വേട്ടയാടുകയും, ഇതിനുള്ള മറുപടി നല്‍കുകയും ചെയ്യും.' ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയിരക്കണക്കിന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്ന് അമേരിക്കയെ തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളെ തീവ്രവാദികള്‍ തടയില്ല. നമ്മുടെ ദൗത്യം നിര്‍ത്താന്‍ അവരെ അനുവദിക്കില്ല. ഞങ്ങള്‍ ഒഴിപ്പിക്കല്‍ തുടരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാബൂള്‍ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു. അമേരിക്കയെ ലക്ഷ്യം വച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രസ്താവനയിലൂടെ അവര്‍ അറിയിച്ചു.