കാബൂള്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ യുഎസ് സഖ്യ സേനയെ പഴിച്ച് താലിബാന്‍. സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെയുണ്ടായ ബോംബാക്രമണത്തെ ഇസ്‌ലാമിക് എമിറേറ്റ്‌സ് അപലപിക്കുന്നുവെന്നും സംഭവം നടന്നത് യുഎസ് സേനയ്ക്ക് സുരക്ഷാ ചുമതലയുള്ള ഭാഗത്താണെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. ഇരട്ട സ്‌ഫോടനം ഭീകരാക്രമണമാണെന്നും താലിബാന്‍ വ്യക്തമാക്കി. ജനങ്ങളുടെ സംരക്ഷണത്തിലും സുരക്ഷയിലും ഇസ് ലാമിക് എമിറേറ്റ് അതീവ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് യുഎസിനും പാശ്ചാത്യ സേനകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായും സബീഹുല്ല പറഞ്ഞു.
വിദേശ സേനകളുടെ സാന്നിധ്യമാണ് ഈ സ്‌ഫോടനത്തിനു കാരണമെന്ന് മറ്റൊരു താലിബാന്‍ നേതാവ് തുര്‍ക്കിയിലെ ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. വിദേശ സേനകള്‍ പൂര്‍ണായും വിട്ടുപോകുകയും എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം തിരിച്ചു ലഭിക്കുകയും ചെയ്താല്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.