Sorry, you need to enable JavaScript to visit this website.

കോവിഷീല്‍ഡ് ഡോസുകളുടെ 84 ദിവസ ഇടവേള കുറച്ചേക്കും

ന്യൂദല്‍ഹി- കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസുകള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേള വെട്ടിക്കുറച്ചേക്കും. ഇതുസംബന്ധിച്ച പുനപ്പരിശോധന നടന്നുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. നാഷനല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനാണ് ഇത് പരിശോധിക്കുന്നത്. ജനുവരിയില്‍ രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവളെ നാലു മുതല്‍ ആറ് ആഴ്ച വരെയായിരുന്നു. ഇതു പിന്നീട് ആറു മുതല്‍ എട്ട് ആഴ്ച വരെയാക്കി വര്‍ധിപ്പിച്ചു. ബ്രിട്ടനിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മേയില്‍ സര്‍ക്കാര്‍ ഇത് 12 ആഴ്ച തൊട്ട് 16 ആഴ്ച വരെയാക്കി വീണ്ടും വര്‍ധിപ്പിച്ചു. അതേസമയം ഇന്ത്യയില്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമൊന്നും വരുത്തിയില്ല. 

ഇടവേളകള്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി രാജ്യത്ത് വന്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായതിനെ തുടര്‍ന്നാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇടവേള നീട്ടുന്നതു സംബന്ധിച്ച തീരുമാനത്തിന് എല്ലാവരുടേയും പിന്തുണ ഉണ്ടായിരുന്നില്ലെന്നും തങ്ങള്‍ എതിര്‍ത്തിരുന്നു എന്നും നാഷനല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനിലെ ഏതാനും അംഗങ്ങള്‍ വെളിപ്പെടുത്തിയതോടെ ഇത് വിവാദമാകുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഇതൊക്കെ നിഷേധിച്ചിരുന്നു.

Latest News