കോവിഡ് ബാധിച്ചത് ആരേയും അറിയിക്കാതെ  ഡ്യൂട്ടിക്കെത്തി മേലുദ്യോഗസ്ഥന്‍, പോലീസ് തിരിച്ചയച്ചു 

കൊച്ചി- കോവിഡ് രോഗം ബാധിച്ചിട്ടും പുറത്തറിയിക്കാതെ ഓഫീസില്‍ സാധാരണ നിലയില്‍ ജോലിക്ക് എത്തിയ മേലുദ്യോഗസ്ഥനെ പോലീസെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. പറവൂരിലെ സെയില്‍സ് ടാക്സ് ഓഫീസറാണ് അശ്രദ്ധ കാണിച്ചത്. ഈ ഉദ്യോഗസ്ഥന്‍ താമസിക്കുന്ന സൗത്ത് വാഴക്കുളം ഉള്‍പ്പെടുന്ന തടിയിട്ടപറമ്പ് പോലീസ് ഇയാള്‍ക്കെതിരെ സമ്പര്‍ക്കവിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ റൂറല്‍ എസ്പി വഴി ജില്ല കലക്ടര്‍ക്കും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈയിടെ സ്ഥലംമാറി പറവൂരിലെത്തിയ സെയില്‍സ് ടാക്സ് ഓഫിസര്‍ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുനീറാണ് (47) കോവിഡ് ബാധിച്ചിട്ടും ബുധനാഴ്ച ഓഫീസില്‍ ജോലിക്ക് എത്തിയത്. ഉച്ചവരെ ഇയാള്‍ ഓഫിസിലുണ്ടായിരുന്നതായി മറ്റ് ജീവനക്കാര്‍ പറയുന്നു. ഇതിനിടെയാണ് പോലീസ് എത്തി തിരിച്ചയച്ചത്. കഴിഞ്ഞ 20ന് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്താണ് പറവൂരിലെത്തിയത്. കോവിഡ് ബാധിച്ചിട്ടും ഇയാള്‍ നാട്ടില്‍ കറങ്ങിനടക്കുന്നതായ പരാതിയെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പോലീസും അന്വേഷിച്ച് ചെന്നപ്പോഴാണ് വീട്ടിലില്ലെന്നും ഓഫീസിലാണെന്നും അറിയുന്നത്.ഉടനെ പോലീസ് ഉടന്‍ പറവൂര്‍ സ്പെഷല്‍ ബ്രാഞ്ച് പോലീസുമായി ബന്ധപ്പെടുകയും ഇയാളെ തിരിച്ചയക്കുകയുമായിരുന്നു. എന്നാല്‍  ബസില്‍തന്നെയാണ് ഓഫീസര്‍ തിരിച്ചുപോയതെന്നതും ഞെട്ടിക്കുന്നതാണ്. പറവൂര്‍ സെയില്‍സ് ടാക്സ് ഓഫിസില്‍ പതിനഞ്ചോളം ജീവനക്കാരുണ്ട്. പോലീസ് എത്തിയപ്പോഴാണ് മേലുദ്യോഗസ്ഥന് കോവിഡാണെന്ന വിവരം ഇവിടെയുള്ളവര്‍ അറിയുന്നത്. ഓഫീസറെ തിരിച്ചയച്ച ശേഷം അഗ്‌നിരക്ഷാസേനയെ വിളിച്ചുവരുത്തി ഓഫീസില്‍ അണുനശീകരണം നടത്തി. സ്ത്രീ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഭയാശങ്കയിലാണ്.

Latest News