Sorry, you need to enable JavaScript to visit this website.

അഫ്ഗാന്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും 'ഇന്ത്യ' വേണ്ട 'അമേരിക്ക'  മതി, ഇവിടേക്കു വന്നിട്ട് ഒരു കാര്യവുമില്ലത്രേ

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും സ്വദേശികളായ ന്യൂനപക്ഷ വിഭാഗങ്ങളെയും ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടയിലും ഇന്ത്യയിലേയ്ക്ക് വരാന്‍ വിമുഖതയുമായി അഫ്ഗാന്‍ സ്വദേശികള്‍. ഇന്ത്യയിലേയ്ക്ക് വരാനില്ലെന്നും കാനഡയിലേയ്ക്കോ യുഎസിലേയ്ക്കോ പോകാനാണ് താത്പര്യമെന്നുമാണ് അഫ്ഗാന്‍ പൗരന്മാര്‍ പറയുന്നത്. നിലവില്‍ ഹിന്ദു, സിഖ് വിഭാഗത്തില്‍പ്പെട്ട 80ഓളം അഫ്ഗാന്‍ പൗരന്മാര്‍ കാബൂള്‍ വിമാനത്താവളത്തില്‍ തന്നെ തുടരുന്നുണ്ടെന്നാണ് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക് വ്യക്തമാക്കുന്നത്.
പ്രതീക്ഷിച്ചതിലും വേഗത്തില്‍ താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെയാണ് വിവിധ ലോകരാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ ഊര്‍ജിതമാക്കിയത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും വലിയ അക്രമമാണ് താലിബാന്‍ അഴിച്ചു വിട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യുഎസ് സൈന്യത്തെയും അഷ്റഫ് ഗനി സര്‍ക്കാരിനെയും സഹായിച്ചവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് കാബൂള്‍ വിമാനത്താവളത്തിലേയ്ക്ക് പാഞ്ഞെത്തിയത്. കൂടാതെ ആയിരക്കണക്കിന് വിദേശ പൗരന്മാരും അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തുടരുന്ന കാബൂള്‍ വിമാനത്താവളം വഴിയാണ് ദുഷ്‌കരമായ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഓപ്പറേഷന്‍ ദേവീശക്തി എന്നു പേരിട്ട ഒഴിപ്പിക്കല്‍ പദ്ധതി പ്രകാരം ഇതിനോടകം 800 പേരെ ഇന്ത്യന്‍ വ്യോമസേനയും എയര്‍ ഇന്ത്യയും ചേര്‍ന്ന് ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്മാര്‍ക്കു പുറമെ രാജ്യത്തേയ്ക്ക് വരാന്‍ താത്പര്യമുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളെയും കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സിഖ് വിഭാഗത്തില്‍പ്പെട്ട അഫ്ഗാന്‍ മുന്‍ പാര്‍ലമെന്റംഗങ്ങള്‍ അടക്കം രാജ്യത്തെത്തുകയും കേന്ദ്രസര്‍ക്കാരിനു നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലേയ്ക്ക് വരാന്‍ താത്പര്യമില്ലെന്നാണ് ഒരു വിഭാഗം അഫ്ഗാന്‍ പൗരന്മാര്‍ പറയുന്നത്. ഇന്ത്യയിലേയ്ക്കു വരാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇവര്‍ രണ്ട് വിമാനങ്ങള്‍ മിസ് ചെയ്തെന്നും യുഎസിലേയ്ക്കോ കാനഡയിലേയ്ക്കോ പോകാനാണ് താത്പര്യമെന്ന് ഇവര്‍ അറിയിച്ചെന്നുമാണ് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക് അറിയിച്ചത്. ഗുരുദ്വാരാ കര്‍ത്തേ പര്‍വനിലുള്ള ഇവരോടു ഉടന്‍ തന്നെ അന്തിമ തീരുമാനം അറിയിക്കാനാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇവര്‍ തീരുമാനത്തിലെത്താതെ നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ തുടരുന്നത് ദുഷ്‌കരമാണെന്ന് അറിയാമെങ്കിലും ഇന്ത്യയിലേയ്ക്ക് വരാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാകാത്തത് വ്യക്തമായ കാരണങ്ങളോടെയാണെന്നാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളെ യുഎസിലേയ്ക്കോ കാനഡയിലേയ്ക്കോ കൊണ്ടുപോകണമെന്നാണ് ഗുരുദ്വാരയില്‍ തമ്പടിച്ചിട്ടുള്ള സിഖ് വിഭാഗത്തിന്റെ നേതാക്കളില്‍ ഒരാളായ തല്‍വീന്ദര്‍ സിങ് നേരത്തെ വ്യക്തമാക്കിയത്. 'അമേരിക്കയിലേയ്ക്കോ കാനഡയിലേയ്കോ പോകണമെന്നു പറയുന്നതില്‍ എന്താണ് തെറ്റ്? ഇന്ത്യയിലേയ്ക്ക് കുടിയേറിയവരുടെ അവസ്ഥ ഞങ്ങള്‍ക്കറിയാം. അവിടെ ഒരു തൊഴിലവസരവുമില്ല. പോയവരില്‍ പലരും തിരിച്ചു വന്നു, ഇല്ലെങ്കില്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് അവിടെ നിന്നു കുടിയേറി.' ഒരാള്‍ പറഞ്ഞു.

Latest News