ന്യൂദല്‍ഹി- അഭയം തേടി ദല്‍ഹിയില്‍ വിമാനമിറങ്ങിയ തന്നെ ഇന്ത്യ നാടുകടത്തിയെന്ന് അഫ്ഗാനിസ്ഥാനിലെ മുസ്‌ലിം വനിതാ എംപി റംഗീന കാര്‍ഗര്‍. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിനു ശേഷം ഓഗസ്റ്റ് 20നാണ് ഇവര്‍ ഇസ്താംബൂളില്‍ നിന്നും ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എയര്‍പോര്‍ട്ടില്‍ തന്നെ അധികൃതര്‍ തടഞ്ഞുവച്ചെന്നും പിന്നീട് ഇതേ വിമാനത്തില്‍ ഇസ്താംബൂളിലേക്ക് തിരിച്ചയച്ചുവെന്നും റംഗീന പറയുന്നു. ഇന്ത്യ-അഫ്ഗാന്‍ കരാര്‍ പ്രകാരം വിസയില്ലാതെ യാത്ര ചെയ്യാവുന്ന ഔദ്യോഗിക നയതന്ത്ര പാസ്‌പോര്‍ട്ട് തനിക്കുണ്ടായിട്ടും പ്രവേശനാനുമതി നല്‍കിയില്ല. ഗാന്ധിജിയുടെ ഇന്ത്യയില്‍ നിന്ന് ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചില്ല- അവര്‍ പറഞ്ഞു.
അഫ്ഗാനിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അഫ്ഗാനുമായും അവിടുത്തെ ജനങ്ങളുമായുള്ള ചരിത്രപരമായ ബന്ധത്തെ സംരക്ഷിക്കുന്നതിലായിരിക്കും ഇന്ത്യയുടെ ശ്രദ്ധയെന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് അഫ്ഗാന്‍ വനിതാ എംപിക്ക് ഈ അനുഭവം ഉണ്ടായത്. ഇവരെ നാടുകടത്തിയതിനു രണ്ടു ദിവസത്തിനു ശേഷം അഫ്ഗാനില്‍ നിന്നുള്ള രണ്ട് സിഖ് എംപിമാര്‍ക്ക് ഇന്ത്യ അഭയം നല്‍കുകയും ചെയ്തു. കാബൂളില്‍ നിന്നുള്ള വ്യോമസേനയുടെ വിമാനത്തിലാണ് ഇവര്‍ എത്തിയിരുന്നത്.
ഒരു ക്രിമിനലെന്ന പോലെയാണ് എന്നോട് അവര്‍ പെരുമാറിയത്. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നിരവധി തവണ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഈ അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വെച്ച് മേലുദ്യോഗസ്ഥരുടെ അനുമതി വേണ്ടതുണ്ടെന്ന് പറയുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം അവര്‍ എന്ന് വന്ന വിമാനത്തില്‍ തന്നെ തിരിച്ച് ഇസ്താംബൂളിലേക്ക് അയച്ചു. അവിടെ ഇറങ്ങിയ ശേഷമാണ് പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചത്- 36കാരിയായ കാര്‍ഗര്‍ പറയുന്നു. തന്നെ തിരിച്ചയക്കുമ്പോള്‍ കാരണമൊന്നും പറഞ്ഞില്ലെന്നും അവര്‍ ആരോപിച്ചു. ഫര്‍യാബ് പ്രവിശ്യയെ പ്രതിനിധീകരിച്ച് 2010 മുതല്‍ അഫ്ഗാന്‍ പാര്‍ലമെന്റിലെ അധോസഭയായ വൊലേസ് ജിര്‍ഗയില്‍ അംഗമാണ് കാര്‍ഗര്‍.