ന്യൂയോര്‍ക്ക്- കാബൂള്‍ വിമാനത്താവളത്തിലേക്കു പോകാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ ഒരു യുഎന്‍ സ്റ്റാഫിനെ താലിബാന്‍ സംഘം തടഞ്ഞുവച്ച് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപോര്‍ട്ട്. വാഹനം പരിശോധിക്കുകയും ചെയ്തു. തിങ്കളാഴ്ച മറ്റൊരു യുഎന്‍ സ്റ്റാഫിന്റെ വീട്ടില്‍ മൂന്ന് അജ്ഞാതരെത്തി ഭീഷണിപ്പെടുത്തിയതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഈ സമയം ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. പിതാവ് എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും തങ്ങള്‍ക്ക് അറിയാമെന്ന് മകനോട് പറഞ്ഞാണ് സംഘം പോയത്.
യുഎന്നിന്റെ ഓഫീസുകള്‍ കൊള്ളയടിക്കുകയും ജീവനക്കാര്‍ക്കെതിരെ കയ്യേറ്റങ്ങളും നടന്നതായും യുഎന്നിന്റെ സുരക്ഷ സംബന്ധിച്ച രഹസ്യരേഖയിലുള്ളതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ഇതെല്ലാം. ഓഗസ്റ്റ് 10 മുതല്‍ യുഎന്‍ സംഘത്തിനെതിരെ ഭീഷണിയും കയ്യേറ്റങ്ങളും നടന്നതായാണ് പറയപ്പെടുന്നത്. അതേസമയം താലിബാന്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.