താനൂര്‍-ഭൂമിയുടെ സര്‍വ്വെ നമ്പര്‍ മാറ്റിക്കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.ഒഴൂര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ഗിരിഷ് കുമാറിനെയാണ് 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റ് ചെയ്തത്. ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സര്‍വേ നമ്പറായതിനാല്‍ അത് മാറ്റി ഒറ്റ നമ്പറാക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. സര്‍വേ നമ്പറില്‍ വ്യത്യാസമുള്ളതിനാല്‍ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വില്ലേജാഫീസര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ഗിരീഷ് കുമാറിനോട് ആവശ്യപ്പെട്ടു. സ്ഥലം സന്ദര്‍ശിക്കാന്‍ പണം നല്‍കണമെന്ന് ഗിരീഷ്‌കുമാര്‍ ആവശ്യപ്പെട്ടതായി അലി പറഞ്ഞു. അലി വിജിലന്‍സ് മലപ്പുറം യുണിറ്റ് ഡിവൈ എസ്.പിയെ അറിയിക്കുകയും ഇക്കാര്യം അറിയിക്കുകയും വിജിലന്‍സിന്റെ നിര്‍ദേശാനുസരണം ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് പണം നല്‍കുകയും ചെയ്തു. ഈ സമയത്ത് വിജിലന്‍സ് എത്തി ഗിരീഷ്‌കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗിരീഷിന്റെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 5740 രൂപയും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.