Sorry, you need to enable JavaScript to visit this website.

വിവാഹം കഴിപ്പിച്ച് കൊച്ചി സ്വദേശിയെ കുടുക്കിയ ഹണിട്രാപ്പ് സംഘത്തിലെ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്- കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണി ട്രാപ്പില്‍ കുടുക്കി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും പണവും, സ്വര്‍ണവും, വിലപിടിപ്പുള്ള മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി മുഴക്കുന്ന് നെല്ലിമല ഹൗസില്‍ എ.എസ് അഷ്റഫ് (51) കുമ്പള കോയിപ്പാടി പെര്‍വാഡ് കടപ്പുറത്തെ എ.സി അബ്ദുല്‍ ഹമീദ് (41) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ നേരത്തേ പിടിയിലായ യുവതികളടക്കമുള്ള നാലു പേരും റിമാന്‍ഡിലാണ്. കൊച്ചി കടവന്ത്രയിലെ വ്യാപാരി സി.എ.സത്താറിന്റെ പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിദ (30), മേല്‍പറമ്പ്് പാലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമര്‍ (47), ഇയാളുടെ ഭാര്യ ഫാത്വിമ (42), പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഇഖ്ബാല്‍ (42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് നായന്മാര്‍മൂലയിലെ സാജിദ, സത്താറിനെ മൊബൈലില്‍ കുരുക്കി സൗഹൃദമുണ്ടാക്കി കെണിയില്‍ പെടുത്തുകയായിരുന്നു. ഉമ്മര്‍-ഫാത്വിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇഖ്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തുന്നത്. തുടര്‍ന്ന് ഇവരെ കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും, മക്കളുമുണ്ടെന്നറിഞ്ഞ പ്രതികള്‍ കിടപ്പറയില്‍ ക്യാമറ വെച്ച് സാജിദയുടെ സഹായത്തോടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു. മൂന്നേമുക്കാല്‍ ലക്ഷം രൂപയും, ഏഴര പവന്റെ സ്വര്‍ണമാലയുമാണ് സംഘം തട്ടിയെടുത്തത്. വിവാഹം ചെയ്ത കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും അഞ്ച് ലക്ഷം ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ആയിരുന്നു ഭീഷണി. കാഞ്ഞങ്ങാട് ഡിവൈ. എസ് ഡോ. വി ബാലകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഷൈന്‍, ഹൊസ്ദുര്‍ഗ് എസ്ഐ കെ പി സതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തട്ടിപ്പ് സംഘത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് മുമ്പ് സത്താറിനെ ബന്ധുത്വം ബോധിപ്പിക്കാന്‍ വാടക ക്വോര്‍ട്ടേഴ്‌സില്‍ രണ്ടു കുട്ടികളെ കൂടി പ്രതികള്‍ എത്തിച്ചിരുന്നു. സാജിതയുടെ സഹോദരങ്ങള്‍ എന്നാണ് ഇവര്‍ കുട്ടികളെ സത്താറിന് പരിചയപ്പെടുത്തി കൊടുത്തത്. സമ്പന്നന്മാരെ സുന്ദരികളായ യുവതികളെ കാണിച്ചു വലയിലാക്കി പടവും വീഡിയോയും എടുത്തു തട്ടിപ്പ് നടത്തുന്ന ഈ സംഘം കാസര്‍കോട് ജില്ലയില്‍ നിരവധി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട് സ്വദേശി സാജിതയാണ് ഹണിട്രാപ്പ് സംഘത്തെ നയിക്കുന്നത്.

 

Latest News