Sorry, you need to enable JavaScript to visit this website.

സീസിക്ക് വെല്ലുവിളി ഉയര്‍ത്തിയ മുന്‍ സേനാധിപന്‍ അറസ്റ്റിലായി; മത്സര നീക്കം ഉപേക്ഷിച്ചു

കയ്‌റോ- ഈജിപ്തില്‍ വീണ്ടുമൊരൂഴം തേടുമെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന മുന്‍ സേനാ മേധാവി ലെഫ്. ജനറല്‍ സാമി അനാന്‍ മത്സരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സൈന്യത്തിന്റെ അനുമതിയില്ലാതെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാമി അനാന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചത്.
വ്യാജ രേഖ ചമച്ചതടക്കമുള്ള കേസുകളില്‍ പ്രതിയാണെന്ന് സൈന്യം വ്യക്തമാക്കിയതിനു പിന്നാലെ സാമിയെ ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്തിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളും അദ്ദേഹത്തിന്റെ പ്രചാരണ ഭാരവാഹികളും പറഞ്ഞു.
വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റകൃത്യങ്ങളില്‍ സാമി അനാന്‍ പങ്കാളിയാണെന്ന് സൈന്യം ഔദ്യോഗിക ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആരോപിച്ചിരുന്നത്.
സൈന്യത്തില്‍നിന്ന് അംഗീകാരം തേടാതെയും സൈനിക സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും സൈന്യം കുറ്റപ്പെടുത്തുന്നു.
മാര്‍ച്ച് 26-28 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സാമി അനാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൈന്യവും ഈജിപ്ത് ജനതയും തമ്മില്‍ തര്‍ക്കമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ജനറല്‍ സാമി അനാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്ന് വീഡിയോയില്‍ പറയുന്നു.
സൈനിക സേവനം അവസാനിച്ചതായി തെളിയിക്കുന്നതിന് വ്യാജരേഖ ചമച്ചുവെന്നാണ് അനാനെതിരായ ഒരു ആരോപണം. വീണ്ടും മത്സരിക്കുമെന്ന് അബ്ദുല്‍ ഫത്താഹ് സീസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒരു കൈ നോക്കുമെന്ന പ്രഖ്യാപനവുമായി സാമി അനാന്‍ രംഗത്തു വന്നത്.

 

Latest News