കോഴിക്കോട്- താലിബാന് എതിരായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ എം.കെ. മുനീർ എം.എൽ.എയ്ക്ക് വധഭീഷണി. താലിബാനെതിരായ പോസ്റ്റിൽ പറയുന്നത് മുസ്‌ലിം വിരുദ്ധതയാണെന്നും പോസ്റ്റ് പിൻവലിക്കണമെന്നും ഭീഷണിക്കത്തിൽ പറയുന്നു. ജോസഫ് മാഷാകാൻ ശ്രമിക്കരുതെന്നും ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത് എന്നുമാണ് ഭീഷണി.
നമ്മുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. കുറെ കാലമായി നിന്റെ മുസ്‌ലിം വിരോധവും ആർ.എസ്.എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്തുനിന്ന് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. പോലീസിൽ പരാതി നൽകുമെന്ന് എം.കെ മുനീർ പറഞ്ഞു. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതിന് പിന്നാലെ ഇതിനെ എതിർത്ത് മുനീർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.