തിരുവനന്തപുരം- മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനും മാധ്യമപ്രവര്ത്തകന് ദീപക് ധര്‍മടവും സംസാരിച്ചതിന്റെ ഫോണ്‍വിളി രേഖകള്‍ പുറത്തുവന്നു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോണ്‍വിളി രേഖകള്‍.
സാജനും പ്രതികളും തമ്മില്‍ 86 തവണ സംസാരിച്ചു. മാധ്യമ പ്രവര്ത്തകന് ദീപക് ധര്‍മടം 107 തവണ പ്രതികളെ വിളിച്ചിട്ടുണ്ട്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായി കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനും ദീപക് ധര്‍മടവും ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് എന്‍.ടി.സാജനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയെടുത്തില്ല എന്ന ആരോപണവും ഉയര്‍ന്നു.