Sorry, you need to enable JavaScript to visit this website.

684കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങി; ഫിനോമിനല്‍  മെഡി ക്ലെയിം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ കെ സിങ് അറസ്റ്റില്‍

മുംബൈ-684കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ഫിനോമിനല്‍ മെഡി ക്ലെയിം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ കെ സിങ് അറസ്റ്റില്‍. ദക്ഷിണ മുംബൈയിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് മുംബൈ പോലീസാണ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. നേപ്പാളില്‍ ഒളിവിലായിരുന്ന സിങ്ങിന് എതിരെ 2018ല്‍ കേരള, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മലയാളികളായ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2018ലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനെതിരെ കേരളത്തില്‍ മാത്രം ലഭിച്ചത് 15,000 പരാതികളാണ്. സംസ്ഥാനത്ത് നിന്ന് മാത്രം 300കോടി രൂപ തട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കായംകുളം, പെരുമ്പാവൂര്‍, ആലപ്പുഴ, ചാലക്കുടി ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. നിക്ഷേപിക്കുന്ന തുകയ്ക്ക് മെഡിക്ലെയിം നല്‍കുമെന്നും ഒമ്പതുവര്‍ഷം കഴിഞ്ഞാല്‍ ഇരട്ടി തുക നല്‍കുമെന്നും പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെയായിരുന്നു പ്രവര്‍ത്തനം. ആദ്യവര്‍ഷങ്ങളിലൊക്കെ മെഡിക്ലെയിം കൃത്യമായി നല്‍കിയിരുന്നു. ചെക്കുകള്‍ മടങ്ങിത്തുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായെത്തി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തട്ടിപ്പിന്റ വ്യാപ്തി കണ്ടെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Latest News