ജിദ്ദ- ഹിറാ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ സൂഖ് അൽമതാർ ബലദിയ അടപ്പിച്ചു. നിരവധി മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന കോംപ്ലക്‌സാണ് അടപ്പിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നഗരസഭാധികൃതർ നടത്തിയ പരിശോധനയിൽ കോംപ്ലക്‌സിൽ പത്തു നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഏതാനും നിയമ ലംഘകർ ഓടിരക്ഷപ്പെട്ടു. ഏതാനും തൊഴിൽ നിയമ ലംഘകരെയും സൗദിവൽക്കരണ തീരുമാനം ലംഘിച്ച് മൊബൈൽ ഫോൺ കടകളിൽ ജോലി ചെയ്ത വിദേശികളെയും റെയ്ഡിനിടെ പിടികൂടി. നിയമ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കും നിയമ ലംഘകരായ വിദേശികൾക്കും എതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ, പോലീസ്, നഗരസഭ എന്നിവ സഹകരിച്ചാണ് ഹിറാ സ്ട്രീറ്റിലെ മൊബൈൽ ഫോൺ സൂഖിൽ പരിശോധന നടത്തിയത്.