വാഷിങ്ടന്‍- യുഎസിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ മേധാവി വില്യം ബേണ്‍സ് കാബൂളിലെത്തി തിങ്കളാഴ്ച താലിബാനുമായി രഹസ്യ ചര്‍ച്ച നടത്തിയതായി വാഷിങ്ടന്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. താലിബാന്‍ സഹസ്ഥാപകനും രാഷ്ട്രീയകാര്യ തലവനുമായ മുല്ല അബ്ദുല്‍ ഗനി ബറാദറുമായാണ് ബേണ്‍സ് കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തിനു ശേഷം ബൈഡന്‍ ഭരണകൂടം താലിബാനുമായി നടത്തുന്ന ആദ്യ ഉന്നത തല ചര്‍ച്ചയാണിത്.
ബൈഡന്റെ നയന്ത്രജ്ഞരില്‍ പ്രധാനിയാണ് വില്യം ബേണ്‍സ്. ബറാദര്‍ ആകട്ടെ ഖത്തര്‍ കേന്ദ്രീകരിച്ച് താലിബാന്റെ രാഷ്ട്രീയകാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവുമാണ്. അതേസമയം ഈ കൂടിക്കാഴ്ച സിഐഎ സ്ഥിരീകരിച്ചിട്ടില്ല. ഡയറക്ടറുടെ യാത്രകളും കൂടിക്കാഴ്ചകളും ഒരിക്കലും പുറത്തുവിടാറില്ലെന്നാണ് ഏജന്‍സി പ്രതികരിച്ചതെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. ഈ യോഗം നടന്നതായി പേരു വെളിപ്പെടുത്താത്ത യുഎസ് ഉന്നതരെ ഉദ്ധരിച്ചാണ് വാഷിങ്ടന്‍ റിപോര്‍ട്ട് ചെയ്തത്. ചര്‍ച്ചാ വിഷയം സംബന്ധിച്ച് സുചനകളൊന്നും നല്‍കിയിട്ടില്ല.