ഭോപ്പാല്‍- വാല്‍മീകിയെ താലിബാനുമായി താരതമ്യം ചെയ്തുവെന്ന് ആരോപിച്ച് ഉര്‍ദു കവി മുനവ്വര്‍ റാണക്കെതിരെ മധ്യപ്രദേശില്‍ കേസ്. ബി.ജെ.പി പട്ടികജാതി സെല്‍ സംസ്ഥാന സെക്രട്ടറി സുനില്‍ മാളവ്യ നല്‍കിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ടെലിവിഷന്‍ ചാനലില്‍ കവി നടത്തിയ പരാമാര്‍ശമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. വാല്‍മീകി സമുദായത്തിന്റെ വികാരം കവി വ്രണപ്പെടുത്തിയെന്ന് സുനില്‍ മാളവ്യ പരാതിയില്‍ പറഞ്ഞു.
റാണ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ ട്വിറ്ററില്‍ ലഭ്യമാണ്. ഹിന്ദി ചാനല്‍ ഷോയില്‍ അഫ്ഗാന്‍ കീഴടക്കിയ താലിബാനെ ഭീകരരായി കാണുന്നുണ്ടോ എന്നായിരുന്നു ആങ്കര്‍ ഉന്നയിച്ച ചോദ്യം. ഇതുവരെ അവര്‍ ഭീകരരാണെന്നായിരുന്നു കവിയുടെ മറുപടി. രാമായണം എഴുതിയതിനുശേഷമാണ് വാല്‍മീകി ദൈവമായത്. അതിനുമുമ്പ് വാല്‍മീകി കൊള്ളക്കാരനായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കും- മുനവ്വര്‍ റാണ കൂട്ടിച്ചേര്‍ക്കുന്നു. വല്‍മീകിയേയും താലിബാനേയും താരതമ്യം ചെയ്യുകയാണോയെന്ന് അവതാരകന്‍ വീണ്ടും ചോദിച്ചപ്പോള്‍ താരതമ്യം ചെയ്യുകയല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ക്ക് വാല്‍മീകിയെ ദൈവമെന്ന് വിളിക്കാം. പക്ഷേ അദ്ദേഹം എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലം പരിശോധിക്കാം. അദ്ദേഹം രാമായണം എഴുതി. വലിയ ദൗത്യമായിരുന്നു അത്. ാരതമ്യത്തെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്- റാണ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 505 പ്രകാരമാണ് മുനവ്വര്‍ റാണക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഗുണ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. കുഴപ്പമുണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. കവി വിവാദ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ ലഖ്‌നൗ പോലീസിന് കേസ് കൈമാറുമെന്ന് രാജീവ് മിശ്ര പറഞ്ഞു. ഇതേ പരമാര്‍ശത്തിന്റെ പേരില്‍ കവിക്കെതിരെ വെള്ളിയാഴ്ച ലഖ്‌നൗവില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.