Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങാനാവാതെ മൂന്ന് മാസം; എട്ടംഗ കുടുംബത്തിന്റെ ദുരിത കഥ

ബാങ്കോക്ക്- ഒരു ദിവസം വിമാനം വൈകിയാലും അക്കമഡേഷന്‍ ലഭിക്കാതിരുന്നാലും പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ വര്‍ത്തയാണ്. എന്നാല്‍ മൂന്ന് മാസം പുറത്തിറങ്ങാനാവാതെ എയര്‍പോര്‍ട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതമായ ഒരു കുടുംബം കഴിഞ്ഞ ദിവസം ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളം വിട്ടു.

11 വയസ്സിനു താഴെ പ്രായമുള്ള നാല് കുട്ടികളും നാല് മുതിര്‍ന്നവരും ഉള്‍പ്പെടുന്ന സിംബാബ്‌വേ കുടുംബമാണ് വിസ പ്രശ്‌നത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ജീവനക്കാരുടെ കാരുണ്യത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരായത്.
ഈ കുടുംബം കഴിഞ്ഞ വര്‍ഷം മേയിലാണ് സിംബാബ്‌വേയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പീഡനം ഭയന്ന് ടൂറിസ്റ്റ് വിസയില്‍ തായ്‌ലന്‍ഡിലെത്തിയത്.

ഒക്ടോബറില്‍ സ്‌പെയിനിലേക്ക് പോകാനായി ബാങ്കോക്ക് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് വിസ ശരിയല്ലെന്ന് ബോധ്യമായതും യാത്ര തടയപ്പെട്ടതും. ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞും തങ്ങിയതിന് പിഴയടച്ച കുടുംബത്തിന് വീണ്ടും തായ്‌ലന്‍ഡില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വദേശമായ സിംബാബ് വേയിലേക്ക് മടങ്ങാന്‍ സാധ്യമല്ലെന്നും ഇവര്‍ വ്യക്തമാക്കി.


കഴിഞ്ഞ മാസം സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെ ഒരു ജീവനക്കാരന്‍ ഇവരുടെ കുടുംബത്തിലെ ഒരു കുട്ടിയോടൊപ്പമുള്ള ഫോട്ടോ സമുഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് ദുരിതം പുറംലോകമറിഞ്ഞത്.
ഉക്രൈന്‍ എയര്‍ലൈന്‍സില്‍ കീവ് വഴി ദുബായിലേക്ക് പോകാന്‍ വഴിയൊരുക്കുമെന്ന് തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ ഇമിഗ്രേഷനില്ലാതെ മൂന്നാമതൊരു രാജ്യത്തെത്താനായിരുന്നു ഇത്. എന്നാല്‍ കുടുംബം അവസാന സ്ഥലത്തേക്കുള്ള ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ ദുബായില്‍നിന്ന് ബാങ്കോക്കിലേക്ക് തന്നെ മടക്കുകയായിരുന്നുവെന്ന് ഉക്രൈന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.


റോബര്‍ട്ട് മുഗാബെക്ക് അധികാരം നഷ്ടമായ കലാപത്തിനിടെ സിംബാബ് വേയിലേക്ക് മടങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം യു.എന്‍ സഹായം തേടിയിരുന്നു. അഭയാര്‍ഥികളെ തായ്‌ലന്‍ഡ് സ്വീകരിക്കാത്തതിനാല്‍ മറ്റു വഴികള്‍ ആലോചിക്കുന്നുണ്ടെന്നായിരുന്നു യു.എന്‍ നല്‍കിയ മറുപടി.
എയര്‍പോര്‍ട്ടിലെ ഡിപാര്‍ച്ചര്‍ ഏരിയയില്‍ കഴിഞ്ഞിരുന്ന കുടുംബം കഴിഞ്ഞ ദിവസം ബങ്കോക്ക് വിട്ടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. യു.എന്‍ അഭയാര്‍ഥി ക്യാമ്പുള്ള ഫിലിപ്പീന്‍സിലേക്കാണ് ഇവര്‍ പോയത്. അവിടെനിന്ന് എങ്ങോട്ട് കൊണ്ടുപോകുമെന്ന് യു.എന്‍എച്ച്.സി.ആര്‍ വക്താവ് വെളിപ്പെടുത്തിയില്ല.

 

Latest News