ചെന്നൈ- വനിതാ പ്രവര്‍ത്തകയുമായി നടത്തിയ സെക്‌സ് വീഡിയോ കോള്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.ടി. രാഘവന്‍ പദവി രാജിവെച്ചു. പാര്‍ട്ടി അംഗം മദന്‍ രവിചന്ദ്രന്‍ അപ് ലോഡ് ചെയ്ത വീഡിയോ ഒളി ക്യാമറ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ 15 ബി.ജെ.പി നേതാക്കളുടെ ഇത്തരം സ്റ്റിംഗ് വീഡിയോകള്‍ കൂടി തന്റെ പക്കലുണ്ടെന്ന് മദന്‍ രവിചന്ദ്രന്‍ അവകാശപ്പെടുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയെ സമീപിച്ചിരുന്നുവെന്നും വനിതകള്‍ക്ക് നീതി ലഭിക്കുന്നതിന് വീഡിയോകള്‍ പുറത്തുവിടണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചതെന്നും മദന്‍ രവിചന്ദ്രന്‍ പറഞ്ഞു.
തന്നെ കുറിച്ചും തനിക്ക് ചുറ്റുമുള്ളവരെ കുറിച്ചും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്ന് ഫേസ് ബുക്കിലും ട്വിറ്ററിലും രാജിവിവരം അറിയിച്ച കെ.ടി. രാഘവന്‍ പറഞ്ഞു. യാതൊരു ആനുകൂല്യവും പ്രതീക്ഷിക്കാതെയാണ് കഴിഞ്ഞ 30 വര്‍ഷം താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. തന്നെ കുറിച്ചുള്ള വീഡിയോ രാവിലെയാണ് ശ്രദ്ധയില്‍ പെട്ടത്. തന്നെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വീഡിയോ പുറത്തുവന്നതിനുശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്നും സെക്രട്ടറി സ്ഥാനം രാജിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നും നിയമപരമായി നേരിടുമെന്നും സത്യം വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.