കീവ്- ഉക്രൈന്റെ വിമാനം അഫ്ഗാനിസ്ഥാനിൽനിന്ന് അജ്ഞാതരായ സംഘം തട്ടിയെടുത്ത് ഇറാനിലേക്ക് പറന്നതായി ഉക്രൈൻ ഉപ വിദേശകാര്യമന്ത്രി യെവ്ഗുനി യെനിൻ. കഴിഞ്ഞ ഞായറാഴ്ചയാണ് വിമാനം റാഞ്ചിയതെന്നും വിമാനവുമായി സംഘം ഇറാനിലേക്ക് പോയെന്നും മന്ത്രി വ്യക്തമാക്കി. മൂന്നു വിമാനങ്ങൾ അഫ്ഗാനിൽനിന്ന് തങ്ങളുടെ പൗരൻമാരെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകൾക്ക് വിമാനതാവളത്തിൽ എത്താൻ കഴിയാത്തതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. ആയുധധാരികളാണ് വിമാനം റാഞ്ചിയതെന്ന് പറഞ്ഞ മന്ത്രി വിമാനം വിട്ടുകിട്ടാൻ എന്തൊക്കെ ചെയ്തുവെന്ന കാര്യം വ്യക്തമാക്കിയില്ല.