ന്യൂദല്‍ഹി- പൂര്‍ണമായും ഉപയോഗപ്പെടുത്താത്ത സര്‍ക്കാര്‍ ആസ്തികളില്‍ നിന്ന് കൂടുതല്‍ പണമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള നാഷനല്‍ മൊണിറ്റൈസേഷന്‍ പൈപ്പ്ലൈന് പദ്ധതിയുടെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യവല്‍ക്കരിക്കുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ വിവിധ എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിച്ച് 20800 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ എയര്‍പോര്‍ട്ടുകളുടെ പട്ടികയിലാണ് കരിപ്പൂരും ഉള്‍പ്പെട്ടത്.
ചെറിയൊരു ഭൂപ്രദേശത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ള സംസ്ഥാനമായ കേരളത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക വിമാനത്താവളമാണ് കരിപ്പൂര്‍. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ തുടക്കം മുതല്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം സ്വകാര്യവല്‍ക്കരിച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് ഇപ്പോള്‍ അദാനി ഗ്രൂപ്പിനാണ്.
സ്ഥലപരിമിത മൂലം വികസനത്തിന് പ്രയാസം നേരിടുന്ന കരിപ്പൂര്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ ആരെത്തുമെന്നാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്. വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലങ്ങാകുന്നുവെന്ന് പല തവണ ആക്ഷേപം ഉയര്‍ന്നതാണ്. പ്രത്യേകിച്ച് വലിയ വിമാനങ്ങളുടെ ലാന്‍ഡിങ് അനുമതി സംബന്ധിച്ച് പരാതിയുണ്ട്. സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വികസനം വേഗത്തില്‍ സാധ്യമാകുമെന്ന് കരുതുന്നവരും ഉണ്ട്.
വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള ആസ്തികളാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറി കൂടുതല്‍ പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതുവഴി ആറ് ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ശ്രമം.