Sorry, you need to enable JavaScript to visit this website.

നഷ്ടമായ മൂന്ന് ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചു

കാബൂള്‍- വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നിയന്ത്രണത്തില്‍ നിന്നും പ്രാദേശിക സായുധ പ്രതിരോധ സേന പിടിച്ചെടുത്ത മൂന്ന് ജില്ലകള്‍ താലിബാന്‍ വീണ്ടും തിരിച്ചുപിടിച്ചു. ബഗ് ലാന്‍ പ്രവിശ്യയിലെ ബാനോ, ദേ സാലെഹ്, പുലെ ഹെസാര്‍ ജില്ലകളാണ് കഴിഞ്ഞ ദിവസം വീണ്ടും പിടിച്ചെടുത്തതെന്ന് താലിബാന്‍ വക്താവ് അവകാശപ്പെട്ടു. പ്രാദേശികമായുണ്ടായ പ്രതിരോധത്തില്‍ ഓഗസ്റ്റ് 15നാണ് താലിബാന് ഈ പ്രദേശങ്ങള്‍ നഷ്ടപ്പെട്ടിരുന്നത്. ഈ ജില്ലകള്‍ പിടിച്ചെടുത്താണ് കടുത്ത പ്രതിരോധം നേരിടുന്ന പഞ്ച്ശീറിലേക്ക് താലിബാന്‍ നീങ്ങുന്നത്. പഞ്ച്ശീര്‍ താഴ് വരയ്ക്കു സമീപത്തെ ബദഖ്ഷാന്‍, തഖര്‍, അന്ദ്രബ് എന്നിവിടങ്ങളില്‍ താലിബാന്‍ നിലയിറപ്പിച്ചതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. 

നേരത്തെ സോവിയറ്റ് സേനയേയും താലിബാനേയും പ്രതിരോധിച്ച് നിന്ന് കരുത്ത് തെളിയിച്ച മുന്‍ മുജാഹീദീന്‍ കമാന്‍ഡര്‍ അഹ്‌മദ് ഷാ മസൂദിന്റെ മകന്‍ അഹ്‌മദ് മസൂദിന്റെ നേതൃത്വത്തിലാണ് ഇവിടെ ഇപ്പോള്‍ താലിബാനെതിരെ പ്രതിരോധം തുടരുന്നത്. അഫ്ഗാന്‍ സേനയില്‍ ഉള്‍പ്പെട്ടവരും പ്രത്യേക സേനകളും ഉള്‍പ്പെടുന്നതാണ് അഹ്‌മദ് മസൂദിന്റെ നേതൃത്വത്തിലുള്ള സേന. പഞ്ചശീറിലേക്കുള്ള താലിബാന്‍ കടന്നകയറ്റം പ്രതിരോധിക്കുമെന്നാണ് അഹ്‌മദ് മസൂദിന്റെ പ്രഖ്യാപനം. തെക്കന്‍ അഫ്ഗാനെയും വടക്കന്‍ അഫ്ഗാനേയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവെയിലെ സലാങ് പാസ് തുറന്നിരുന്നുവെന്നും എന്നാല്‍ പഞ്ച്ശീറില്‍ ശത്രുസേന റോഡ് തടഞ്ഞിരിക്കുകയാണെന്നും താലിബാന്‍ പറഞ്ഞു. ഇവിടെ ഇപ്പോള്‍ പോരാട്ടം നടക്കുന്നില്ലെന്നാണ് സൂചന. പ്രശ്‌നം സമാധാനത്തോടെ പരിഹരിക്കാനാണ് ഇസ്ലാമിക് എമിറേറ്റിന്റെ ശ്രമമെന്ന് സബിഹുല്ല മുജാഹിദ് പറഞ്ഞു.
 

Latest News