Sorry, you need to enable JavaScript to visit this website.

അടുത്തയാഴ്ചക്കകം അഫ്ഗാന്‍ വിട്ടില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകും; യുഎസിന് താലിബാന്റെ അന്ത്യശാസനം

കാബൂള്‍- ഓഗസ്റ്റ് 31 മുമ്പായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ്, നാറ്റോ സഖ്യ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് താലിബാന്‍ യുഎസിന് താക്കീത് നല്‍കി. അഫ്ഗാനില്‍ നിന്ന് വിദേശികളേയും രാജ്യംവിടാനൊരുങ്ങിയ അഫ്ഗാനികളേയും ഒഴിപ്പിക്കുന്നത് തുടരുമ്പോഴും കാബൂള്‍ എയര്‍പോര്‍ട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 31നകം പിന്മാറ്റം പൂര്‍ത്തിയാക്കാനാണ് യുഎസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് നീട്ടാന്‍ യുഎസിനു മേല്‍ സമ്മര്‍ദ്ദമുണ്ട്. സമയപരിധി നീട്ടുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനു പിന്നാലെയാണ് താലിബാന്‍ അന്ത്യശാസനം നല്‍കിയത്. ഓഗസ്റ്റ് 31നകം വിദേശികളെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാവില്ലെന്നാണ് യുറോപ്യന്‍ യൂനിയനും ബ്രിട്ടനും പറയുന്നത്.

ഓഗസ്റ്റ് 31ന് ശേഷം വിദേശ സൈന്യത്തെ രാജ്യത്ത് അനുവദിക്കില്ലെന്നാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ അംഗീകരിച്ച സമയ പരിധി നീട്ടി നല്‍കില്ല, അത് അധിനിവേശം നീട്ടലാകുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. അവസാന യുഎസ് സൈനികനും രാജ്യ വിടുന്നതു വരെ പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വേണ്ടെന്നാണ് താലിബാന്‍ തീരുമാനമെന്നും റിപോര്‍ട്ടുണ്ട്.
 

Latest News