ഇന്ദോര്‍- മധ്യപ്രദേശിലെ ഇന്ദോറില്‍ തെരുവില്‍ വളവില്‍പ്പന നടത്തുകയായിരുന്ന മുസ്‌ലിം യുവാവിനെ പട്ടാപ്പകല്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു. സമീപത്ത് നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും ആരും യുവാവിന്റെ രക്ഷയ്‌ക്കെത്തിയില്ല. പേര് ചോദിച്ച് മുസ്‌ലിമാണെന്ന് ഉറപ്പുവരുത്തിയാണ് ആള്‍ക്കൂട്ടം 25കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. യുവാവിന്റെ കയ്യിലുണ്ടായിരുന്ന 10000 രൂപയും മൊബൈല്‍ ഫോണും, അധാര്‍ കാര്‍ഡും മറ്റു രേഖകളും അക്രമികള്‍ കവര്‍ന്നു. വില്‍പ്പനയ്ക്ക് വച്ചിരുന്ന വളകളും നശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ഹര്‍ദോയ് സ്വദേശിയായ തസ്‌ലീം ആണ് ഞായറാഴ്ച മര്‍ദനത്തിനിരയായത്. തസ്്‌ലീമിന്റെ പരാതിയില്‍ അക്രമികള്‍ക്കെതിരെ രാത്രി വൈകി പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധവുമായി എത്തി. മര്‍ദനത്തിനിരയായ യുവാവിനെ കേസെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
യുവാവിനെ ആക്രമിച്ച മൂന്ന് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ വിഡിയോയില്‍ അക്രമികള്‍ ഉയര്‍ത്തുന്ന വര്‍ഗീയ, വിദ്വേഷ കൊലവിളിയും വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. സംഭവത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയോട് ചോദിച്ചപ്പോള്‍ അക്രമത്തെ ന്യായീകരിക്കുന്ന രീതിയിലാണ് മന്ത്രി മറുപടി നല്‍കിയത്. ഹിന്ദു ആണെന്ന വ്യാജേന സ്ത്രീകള്‍ക്ക് വള വിറ്റതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന് വര്‍ഗീയതയുമായി ബന്ധിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.