വാഷിങ്ടൺ- നിയമ സാധുതയ്ക്കും മറ്റു രാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടിയാണ് താലിബാൻ ശ്രമിക്കുന്നതെന്നും അവർ നൽകുന്ന വാഗ്ദാനങ്ങൾ വിശ്വസിക്കില്ലെന്നും യു.എസ് പ്രഡിഡന്റ് ജോ ബൈഡൻ. താലിബാൻ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു. അഫ്ഗാനിലെ ജനങ്ങൾക്ക് സാമ്പത്തികവാണിജ്യ മേഖലകളിൽ സഹായം ആവശ്യമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
'ഞാൻ ആരേയും വിശ്വസിക്കുന്നില്ല. താലിബാൻ അടിസ്ഥാനപരമായ ഒരു തീരുമാനം എടുക്കണം. 100 വർഷമായി ആരും ചെയ്യാത്ത, അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി താലിബാൻ ശ്രമിക്കുമോ? അങ്ങനെ ചെയ്യുകയാണെങ്കിൽ അവർക്ക് എല്ലാ തരത്തിലുള്ള സഹായവും ആവശ്യമായി വരും.
താലിബാൻ പറയുന്നതുപോലെ ചെയ്യുമോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. മറ്റു രാജ്യങ്ങൾ തങ്ങളെ അംഗീകരിക്കുമോ ഇല്ലയോ എന്ന് നിർണയിക്കാൻ അവർ നിയമസാധുത തേടുന്നുണ്ട്. നയതന്ത്ര സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങളോടെന്ന പോലെ അവർ മറ്റു രാജ്യങ്ങളോടും പറഞ്ഞിട്ടുണ്ട്. ഈ ചർച്ചകളൊക്കെ നടക്കുന്നുണ്ട്. ഇതുവരെ താലിബാൻ യു.എസ് സേനയ്ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി.