രാമേശ്വരം- ഇന്ത്യന്‍ മത്സ്യബന്ധ തൊഴിലാളികളുടെ 60ഓളം ബോട്ടുകള്‍ക്കു നേരെ ശ്രീലങ്കന്‍ നാവിക സേന കല്ലെറിഞ്ഞെന്നും നാശനഷ്ടങ്ങള്‍ വരുത്തിയതായും മത്സ്യബന്ധ വകുപ്പ് അധികൃതര്‍. 25 ബോട്ടുകളിലെ മത്സ്യബന്ധന വലകളും ശ്രീലങ്കന്‍ സേന നശിപ്പിച്ചു. ശനിയാഴ്ച രാത്രി കച്ചത്തീവിനടുത്ത് മീന്‍പിടിച്ചു കൊണ്ടിരിക്കെയാണ് ശ്രീലങ്കന്‍ നാവിക സേനയുടെ അതിക്രമം ഉണ്ടായതെന്ന് മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.
അഞ്ചു ബോട്ടുകളിലായി എത്തിയാണ് ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ടുകള്‍ക്കു നേരെ കല്ലേറ് നടത്തിയത്. സംഭവത്തില്‍ മത്സ്യത്തൊഴിലാളികളില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 556 ബോട്ടുകള്‍ മത്സബന്ധനത്തിനായി കടലില്‍ ഇറങ്ങിയിരുന്നെന്നും ഇവയില്‍ ചിലതിനു നേര്‍ക്കാണ് ആക്രമണമുണ്ടായതെന്നും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധി എസ് എമിരെറ്റ് പറഞ്ഞു. അടിക്കടി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.