ന്യൂയോര്‍ക്ക്- യുഎസില്‍ കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് യുഎസ് ലോക നേതാക്കളോട് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനം അടുത്ത മാസമാണ് നടക്കുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉന്നത തല യുഎന്‍ സമ്മേളനത്തെ ഒരു 'സൂപ്പര്‍ സ്‌പ്രെഡര്‍' പരിപാടി ആക്കി മാറ്റരുതെന്നും ന്യൂയോര്‍ക്കിലേക്ക് നേരിട്ടെത്തുന്നതിനു പകരം സമ്മേളനത്തില്‍ വിഡിയോകോണ്‍ഫറന്‍സിങ് മുഖേന പങ്കെടുക്കണമെന്നുമാണ് യുഎസ് നിര്‍ദേശിച്ചത്.
സെപ്തംബര്‍ 21 മുതല്‍ 27വരെയാണ് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76ാം വാര്‍ഷിക സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ന്യൂയോര്‍ക്കില്‍ നേരിട്ടെത്തി യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് യുഎസിന്റെ ഈ മുന്നറിയിപ്പ്. മോഡിയുടെ പ്രസംഗം സെപ്തംബര്‍ 25നാണ്.
യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ആണ് 193 അംഗ രാജ്യങ്ങള്‍ക്ക് ഈ ആവശ്യമുന്നയിച്ച് കത്തഴുതിയത്. യുഎന്‍ ആസ്ഥാനം നിലകൊള്ളുന്ന ആതിഥേയ രാജ്യമെന്ന നിലയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവരുടേയും ന്യൂയോര്‍ക്കിലെ ജനങ്ങളുടേയും സുരക്ഷയില്‍ യുഎസിസ് ഉത്തരവാദിത്വമുണ്ടെന്നും കഴിഞ്ഞയാഴ്ച അയച്ച കത്തില്‍ അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.