ന്യുദൽഹി- ജഡ്ജിമാർക്കെതിരെ പരാതികളുയർന്ന മെഡിക്കൽ കോളെജ് കോഴക്കേസ് അന്വേഷണത്തിൽ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി ഐ.എം. ഖുദ്ദൂസി ഇടപെടുന്നതായി കേസ് അന്വേഷിക്കുന്ന സിബിഐ. കോഴ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിക്കുന്ന ജഡ്ജിയും ഇടനിലക്കാരനും മെഡിക്കൽ കോളെജ് ഉടമയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രഹസ്യ രേഖ മാധ്യമങ്ങൾക്ക് ലഭിച്ചതു സംബന്ധിച്ച് കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണമന്നാവശ്യപ്പെട്ട് ഖുദ്ദൂസി ഹർജി നൽകിയിരുന്നു.
എന്നാൽ ഇത് അന്വേഷണം വഴിതിരിച്ചുവിടാനും കേസ് ഡയറിയുടെ ഉള്ളടക്കം അറിയാനുള്ള വിദഗ്ധ നീക്കവുമാണെന്ന് സി.ബി.ഐ പറയുന്നു. കേസിൽ പ്രതിയായ ഒരാളിൽ നിന്നും ഇത്തരമൊരു നീക്കം അന്വേഷണത്തിൽ ഇടപെടാനുള്ള ശ്രമമാണ്. അദ്ദേഹത്തിന്റെ ജാമ്യ വ്യവസ്ഥകളുടെ ലംഘനവുമാണിതെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളെജ് കോഴക്കേസിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ അറസ്റ്റിലായ ഖുദ്ദൂസി ഇപ്പോൾ ജാമ്യത്തിലാണ്. രണ്ടു വർഷത്തേക്ക് വിദ്യാർത്ഥി പ്രവേശനം തടഞ്ഞ യു.പിയിലെ ഒരു മെഡിക്കൽ കോളെജിന് അനുകൂലമായി വിധി പറയാൻ സഹായിച്ചെന്നാണ് കേസ്. ഇതിനു തെളിവായി ഇവരുടെ ഫോൺ സംഭാഷണങ്ങൾ ഈയിടെ പുറത്തു വന്നിരുന്നു.
മാധ്യമങ്ങൾ നടത്തുന്ന വിചാരണ അവസാനിപ്പിക്കാൻ കോടതി ഉത്തരവിടണമെന്നും രഹസ്യ സംഭാഷണങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 17ന് ഖുദ്ദൂസി സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ ജനുവരി 22നകം സിബിഐ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾക്ക് ഈ സംഭാഷണങ്ങൾ ലഭിക്കാൻ സാധ്യതയുള്ള പല സ്രോതസ്സുകളും ഉണ്ടെന്നും സിബിഐ മറുപടി നൽകി.