Sorry, you need to enable JavaScript to visit this website.

ബസില്‍ ഒരുമിച്ച് യാത്ര ചെയ്ത മുസ്ലിമിനേയും ഹിന്ദു യുവതിയെയും ഹിന്ദുത്വ സംഘടനക്കാര്‍ പോലീസില്‍ ഏല്‍പിച്ചു

മംഗളൂരു- ദക്ഷിണ കന്നഡയില്‍ ഹിന്ദുത്വ അനുകൂല സംഘടനയുടെ സദാചാര പോലീസ് ആക്രമണം വീണ്ടും. സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മുസ്്‌ലിം പുരുഷനേയും ഹിന്ദു സ്ത്രീയേയും ബസ് തടഞ്ഞ് വലിച്ചു പുറത്തിറക്കി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.  ഹിന്ദുത്വ സംഘടനക്കാരും പോലിസുമായി തര്‍ക്കിക്കുന്നതാണ് വീഡിയോ.
യാഥൃശ്ചികമായി ബസില്‍ ഒന്നിച്ച് യാത്ര ചെയ്ത സംഭവമാണ് പ്രണയമാണെന്ന് തെറ്റിദ്ധരിച്ച് പ്രശ്‌നമാക്കിയത്.
പുട്ടൂരില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. നൗഷാദ് എന്നയാളാണ് ഇവര്‍ക്കൊപ്പം യാത്ര ചെയ്തത്. പുട്ടൂരില്‍ നിന്ന് കുമ്പ്രയിലേക്കാണ് ഇയാള്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇന്റര്‍വ്യൂ കോള്‍ കിട്ടിയതിനെ തുടര്‍ന്ന്  യാത്ര ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ബസില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഇവരെ പോലിസിലേല്‍പ്പിച്ചത്.
ബസില്‍നിന്നിറക്കി ദക്ഷിണ കന്നഡയിലെ സുള്ള്യ പോലിസ് സ്‌റ്റേഷനിലാണ് ഇവരെ എത്തിച്ചത്. ഇവരുടെ ഫോണ്‍ പരിശോധിച്ചെന്നും ഇരുവരും തമ്മില്‍ നേരത്തെ പരിചയമില്ലെന്നും സുള്ള്യ പോലിസ് ഇന്‍സ്‌പെക്ടര്‍ നവീന്‍ചന്ദ്ര ജോഗി പറഞ്ഞു.
ബസിലുണ്ടായ പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞതെന്ന് പോലിസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വേദികെ പ്രവര്‍ത്തകര്‍ കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ്  ബസ് തടഞ്ഞതെന്നും പോലിസ് പറഞ്ഞു.
പോലിസ് ഇടപെട്ട് നൗഷാദിനെയും യുവതിയെയും ബംഗളൂരുവിലേക്ക് പോകാന്‍ അനുവദിച്ചു. ദക്ഷിണ കന്നഡയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.

 

Latest News