ദോഹ- ഇന്ത്യയിൽനിന്നും ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിനെടുത്തവർക്കാശ്വാസം. കോവാക്‌സുമായുള്ള സ്വാശ്രയ കരാറിന്റെ ഭാഗമായി 48,000 ഡോസ് ആസ്ട്രസെനെക്ക കോവിഡ് 19 വാക്‌സിൻ ഖത്തറിലെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്നും കോവി ഷീൽഡിന്റെ ആദ്യ ഡോസെടുത്തവർക്ക് ഖത്തറിൽ രണ്ടാം ഡോസ് അസ്ട്രസെനെക്കയാണ് നൽകിയിരുന്നത്. എന്നാൽ ഇതിന്റെ സ്‌റ്റോക്ക് പരിമിതമായത് ആശങ്ക സൃഷ്ടിച്ചിരുന്നു.
ലോകാടിസ്ഥാനത്തിൽ കോവിഡ് വാക്‌സിൻ വികസനം, ഉത്പാദനം, തുല്യമായ വിതരണം എന്നിവ ത്വരിതപ്പെടുത്തുന്നതിന് ഗവൺമെന്റുകളും നിർമ്മാതാക്കളും ചേർന്ന് പ്രവർത്തിക്കുന്ന കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്‌നെസ് ഇന്നൊവേഷൻസ് (CEPI), ഗവി (വാക്‌സിൻ അലയൻസ്), ലോകാരോഗ്യ സംഘടന എന്നിവയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള സംരംഭമാണ് കോവാക്‌സ്.
ഇതുവരെ, 170 ലധികം രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി ആസ്ട്രാസെനെക്കയുടെ 1 ബില്യൺ ഡോസ് വാക്‌സിൻ പുറത്തിറക്കിയിട്ടുണ്ട്.
ഖത്തർ ദേശീയ വാക്‌സിൻ കാമ്പയിൻ ഊർജിതമായി മുന്നോട്ടുപോവുകയാണെന്നും അർഹരായവർക്ക് അസ്ട്ര സെനിക വാക്‌സിൻ നൽകുമെന്നും കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിനുള്ള ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് കമ്മറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു.
കോവാക്‌സിന്റെ പ്രധാന സഹായിയാണ് ഖത്തറെന്നും വാക്‌സിൻ വികസനത്തിനായി 20 മില്യൺ ഡോളർ ഖത്തർ സംഭാവന നൽകിയതായും ഡോ. അൽ ഖാൽ പറഞ്ഞു.