Sorry, you need to enable JavaScript to visit this website.

222 ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിച്ചു

ന്യൂദല്‍ഹി-  അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്‍മാരെയും തിരിച്ചെത്തിച്ചു. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താജിക്കിസ്ഥാനില്‍ നിന്ന് വരുന്ന വിമാനത്തിലുള്ളവര്‍ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം മുഴക്കുന്ന വീഡിയോ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ പങ്കുവെച്ചു. ശനിയാഴ്ചയാണ് 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തില്‍ കാബൂളില്‍ നിന്ന് താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഞായറാഴ്ച ഡല്‍ഹിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിച്ചത്.
അഫ്ഗാനിസ്ഥാനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കാബൂള്‍ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പൗരന്മാര്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാനത്താവളത്തിലെത്താന്‍ ശ്രമിക്കരുതെന്ന് യു എസ് എംബസി നിര്‍ദ്ദേശിച്ചു. താലിബാന്‍ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎന്‍ രഹസ്യാന്വോഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങള്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കിയിരിക്കുകയാണ്. താലിബാന്‍ വഴി തടയുന്നതിനാല്‍ പലര്‍ക്കും കാബൂളില്‍ എത്താനായിട്ടില്ല

Latest News