ന്യൂദൽഹി- ഹാദിയയുടെ വിവാഹത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിവാഹം നിയമവിരുദ്ധമായ ഒന്നല്ലെന്നും ഇക്കാര്യത്തിൽ എൻ.ഐ.എക്ക് ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണവും വിവാഹവും രണ്ടു കാര്യമാണ്. ഷെഫിൻ ജഹാന്റെ ഭീകര ബന്ധമാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹേബിയസ് കോർപ്പസ് അനുസരിച്ച് വിവാഹം റദ്ദാക്കാൻ കോടതിക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, കേസിൽ കക്ഷി ചേരാൻ ഹാദിയക്ക് സുപ്രീം കോടതി അനുമതി നൽകി. കേസ് അടുത്തമാസം 22 ന് വീണ്ടും പരിഗണിക്കും.
നേരത്തെ, ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബർ 27ന് കേസ് പരിഗണിച്ച സുപ്രീം കോടതി ഹാദിയയെ പഠനം തുടരാൻ വേണ്ടി സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.