ന്യൂദല്‍ഹി- അഭയം തേടി ഇന്ത്യയിലേക്ക് വരാന്‍ ശ്രമിച്ച 72 സിഖ്, ഹിന്ദു വിശ്വാസികളായ അഫ്ഗാനികളെ താലിബാന്‍ തടഞ്ഞു. ഇന്ത്യ കാബൂളിലേക്കയച്ച പ്രത്യേക വ്യോമ സേനാ വിമാനത്തില്‍ കയറാനിരിക്കെയാണ് ഇവരെ താലിബാന്‍ തടഞ്ഞത്. ഈ വിമാനം പിന്നീട് 85 ഇന്ത്യക്കാരുമായി താജികിസ്ഥാനിലേക്കു പറന്നു. ഇവിടെ നിന്നും മറ്റൊരു വിമാനത്തില്‍ ഇവരെ ഇന്ത്യയിലെത്തക്കാനാണു ശ്രമം. അഫ്ഗാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ എല്ലാം കാബൂള്‍ എയർപോർട്ടിൽ എത്തിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇവിടെ ഇവര്‍ സുരക്ഷിതരായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കാബൂളിലേക്ക് ഏതു നിമിഷവും പറക്കാനായി വ്യോമ സേനയുടെ സി-17 വലിയ യാത്രാ വിമാനം ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ മുഴുവന്‍ ജീവനക്കാരേയും അംബാസഡറേയും ഇന്ത്യ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ അഫ്ഗാന്‍ പട്ടണങ്ങളിലായി ആയിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് റിപോര്‍ട്ട്. ഇവരില്‍ പലരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരല്ല. ഇവരെ കണ്ടെത്തുകയും സുരക്ഷിതമായി വിമാനത്താവളത്തിലെത്തുക്കുന്നതും വലിയ വെല്ലുവിളിയാണെന്ന് വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 200ഓളം സിഖ്, ഹിന്ദു വിശ്വാസികള്‍ കാബൂളിലെ ഒരു ഗുരുദ്വാരയില്‍ അഭയം തേടിയിരുന്നു.