കാബൂള്‍- താലിബാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായി. സാങ്കേതിക തകരറാണോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നു വ്യക്തമല്ല. പഷ്തു, ദരി, അറബി, ഉര്‍ദു, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളില്‍ താലിബാന്‍ വെവ്വേറെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. എല്ലാം പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുകയാണ്. താലിബാന്‍ സൈറ്റുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവഡര്‍ ആയ ക്ലൗഡ്ഫ്‌ളയര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഈ വെബ്‌സൈറ്റുകള്‍ വഴിയായിരുന്നു താലിബാന്‍ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചിരുന്നത്. പല ടെക്ക് കമ്പനികളും ഇന്റര്‍നെറ്റില്‍ താലിബാന്റെ ദൃശ്യത പരിമിതപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി റിപോര്‍ട്ടുകളുണ്ട്. താലിബാന്‍ സന്ദേശം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു ചില വാട്‌സാപ്പ് ഗ്രൂപ്പുകളും അപ്രത്യക്ഷമായതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.