ലണ്ടന്‍- അഫ്ഗാനിസ്ഥാനിലെ പ്രശ്‌നപരിഹാരത്തിന് ആവശ്യമായാല്‍ താലിബാനുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അഫ്ഗാനിലെ സാഹചര്യം ബ്രിട്ടന്‍ കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് വിദേശകാര്യ മന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രധാനമന്ത്രി പ്രതിരോധിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ബ്രിട്ടന്റെ രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന് ഉറപ്പു നല്‍കുന്നു. വേണ്ടി വന്നാല്‍ ഇതിന് താലിബാനുമായും യോജിച്ചു പ്രവര്‍ത്തിക്കും- ജോണ്‍സണ്‍ പറഞ്ഞു.
ആയിരക്കണക്കിന് അഫ്ഗാനികള്‍ നാടുവിട്ട് രക്ഷപ്പെടാനായി ഇരച്ചെത്തിയ കാബുളിലെ വിമാനത്താവളത്തില്‍ സാഹചര്യങ്ങള്‍ അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതല്‍ ബ്രിട്ടന്‍ 1,625 പേരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചു. ഇവരില്‍ 399 പേര്‍ ബ്രിട്ടീഷ് പൗരന്മാരും അവരുടെ ആശ്രിതരുമാണ്. 320 പേര്‍ എംബസി ജീവനക്കാരും 402 പേര്‍ അഫ്ഗാനികളുമാണ്.
അഫ്ഗാന്‍ പ്രശ്‌നം കൈകാര്യം രീതിയെ വിമര്‍ശിച്ച് നിരവധി പേര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി (മന്ത്രി) ഡൊമിനിക് റാബ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. എന്നാല്‍ വിദേശകാര്യ സെക്രട്ടറിയില്‍ പൂര്‍ണ വിശ്വാസമുണ്ടന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.