ന്യൂദൽഹി- അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാലിഡയുടെ സൈകോവ് ഡി കോവിഡ് വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (സിസിജിഐ) അനുമതി നൽകി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ലോകത്തെ ആദ്യ ഡി.എന്‍.എ വാക്സിനാണിത്.
മൂന്ന് ഡോസ് ആവശ്യമായ ഈ വാക്സിന്റെ വാക്സിന്റെ ഫലപ്രാപ്തി 66.66 ശതമാനമാണ് . മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി പറയുന്നു.
മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നല്‍കാനാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനേഷന്റെ ഫലം സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്കുന്ന തരത്തിലായിരിക്കും വാക്സിൻ. സൂചിരഹിതമായതിനാല് പാര്‍ശ്വഫലങ്ങൾ ഗണ്യമായി കുറയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അടിയന്തര ഉപയോഗത്തിന് അന്തിമ അനുമതി ലഭിച്ച ആറാമത്തെ വാക്സിനാണ് സിഡസ് കാഡിലയുടേത്. സിറം ഇൻസ്റ്റിറ്റ്യൂടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് വാക്സിൻ, അമേരിക്കൻ വാക്സിനുകളായ മൊഡേണ, ജോണ്സണ് ആൻഡ് ജോണ്സണ് എന്നിവയാണ് മറ്റു വാക്സിനുകൾ.