കാബൂള്‍- താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനു ശേഷം 18,000ല്‍ അധികം പേരെ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിച്ചതായി നാറ്റോ സേന. താലിബാന്‍ ആക്രമണം ഭയന്ന് രാജ്യംവിടാനായി ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നതെന്നും നാറ്റോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. നിയമപരമായ യാത്രാ രേഖകള്‍ ഇല്ലാത്തവര്‍ തിരിച്ചു വീട്ടിലേക്കു തന്നെ പോകണമെന്ന് ഇവരോട് താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യം താലിബാന്‍ നിയന്ത്രണത്തിലായതിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയില്‍ പള്ളികളിലൂടെ താലിബാന്‍ അഫ്ഗാനികളോട് ഒന്നിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. അഫ്ഗാന്‍ വിട്ടുപോകരുതെന്ന് ജനങ്ങളോട് പറയാന്‍ ഇമാമുമാര്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഞായഴാഴ്ച കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെയുണ്ടായി സംഭവങ്ങളില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.